Sunday, June 14, 2009

ടോണിക്കുട്ടന്റെ പെണ്ണ് അന്വേഷണ പരീക്ഷണങ്ങള്‍ (A പ്രതീക്ഷിക്കരുത്‌ )

ടോണിക്കുട്ടന്‍ അഭ്യസ്തവിദ്യനാണ് .
വ്യക്തമായി പറഞ്ഞാല്‍ ബിരുദാനന്തര ബിരുദ ധാരി .
ബീ എഡ് , സെറ്റ് തുടങ്ങിയ എല്ലാ അലങ്കാരങ്ങളും ഉണ്ട് .
നല്ലൊരു മുഖവും കൊള്ളാവുന്ന ഒരു ശരീരവും ഉണ്ട് .സജീവ KCYM പ്രവര്‍ത്തകന്‍ ,സണ്‍‌ഡേ സ്കൂള്‍ അദ്ധ്യാപകന്‍ ,മൂന്നു ഏക്കര്‍ റബര്‍ ഉള്ള അപ്പന്റെ ഏക മകന്‍ എന്നീ അധിക യോഗ്യതകള്‍ കൂടിയുണ്ട് .

പിന്നെ എന്നതാ ഒരു കൊറവ് ?
ടോണീടെ സ്വന്തം അഭിപ്രായത്തില്‍ ഒരു ജോലീടെ കൊറവ് ഒണ്ട് ..
ജോലിയില്ലെന്ന് ചോദിച്ചാല്‍ .........ഒണ്ട്....
ഒരു അണ്‍ aided സ്കൂളില്‍ അദ്ധ്യാപകന്‍ ആണ് കക്ഷി .
അവിടുത്തെ തുച്ഛമായ ശമ്പളം കൊണ്ട് രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പറ്റില്ല എന്നതാണ് ടിയാന്റെ പരാതി.....3000 കിട്ടും...... 6000 ചെലവും .....

(വീട്ടില്‍ കൊടുക്കാന്‍ ഒന്നുമല്ല ,മേരിയ ,ബ്ലൂമൂണ്‍ ബാറുകളിലും ,ബിവര്ജിലും ,സമീപത്തെ കള്ള് ഷാപ്പുകളിലും കൊടുക്കാന്‍ തികയില്ല എന്നര്‍ഥം ).

സ്ഥലത്തെ എല്ലാ യുവാക്കളെയും പോലെ തന്നെ ഏതെങ്കിലും ഒരു യൂറോപ്യന്‍ രാജ്യത്ത് ജോലിയുള്ള ഒരു നഴ്സ്‌ തന്നെ കെട്ടി ഒപ്പം കൊണ്ടുപോവുന്നത് അവനും സ്വപ്നം കണ്ടിരുന്നു .


ടോണിക്കുട്ടന്റെ അപ്പന്‍ ശ്രീ ഈട്ടിമൂട്ടില്‍ ചാക്കോച്ചന് മകന് പ്രായ പൂര്‍ത്തി ആയതായി(മീന്‍സ്‌ കല്യാണപ്രായം ആയതായി ) സ്വപ്ന ദര്‍ശനം ഉണ്ടായി.
കടുത്ത കരിസ്മാറ്റിക് ആയ ചാക്കൊച്ചനോട് പരിശുധാത്മാവ്‌ നേരിട്ട് വന്നു "ചാക്കോച്ച...ചെറുക്കനു കല്യാണപ്രായം ആയില്ലേ പിടിച്ചു കേട്ടിക്കരുതോ ? എന്ന് ചോദിച്ചതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍ .

ദശനവും വെളിപാടും മാത്രമല്ല ഇടയ്ക്കിടെ റു ഭാഷയും (ഭാഷാവരം ) ചാക്കോച്ചന് കിട്ടാറുണ്ട് (രണ്ടെണ്ണം അകത്തു ചെല്ലണം എന്ന് മാത്രം ).

ദര്‍ശനം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ചാക്കോയെ പിടിച്ചാല്‍ കിട്ടില്ല.......
പുത്രനെ വേഗം വിവരം അറിയിച്ചു .
എതിര്‍പ്പുണ്ടാവും എന്നാണ് ചാക്കോച്ചന്‍ പ്രതീക്ഷിച്ചത്‌
പക്ഷെ ഒട്ടും ബലം പിടിക്കേണ്ടി വന്നില്ല .ചെറുക്കന്‍ സമ്മതിച്ചു .
ബ്രോക്കര്‍ കൃഷന്‍ കുട്ടിയോട് പറയട്ടെടാ...
അതോ ദീപികേല്‍ ഇട്ടാല്‍ മതിയോ .......?
അപ്പന്‍ ചോദിച്ചു .
അതൊക്കെ ഇപ്പം ഔട്ട്‌ ഓഫ് ഫാഷന്‍ ആണപ്പാ ...
ഇപ്പം എല്ലാം ഇന്റര്‍നെറ്റ്‌ ആണ് ......
ടോണി പറഞ്ഞു .
"ആ എനിക്കതൊന്നും അറിയാമ്മേല എന്നതാണ്‌ വച്ചാല്‍ നീ വേണ്ട പോലെ ചെയ്തോണം! ..."
അപ്പന്‍ മറുപടി പറഞ്ഞു .

എവിടെയെങ്കിലും ഒന്നു രേജിസ്റെര്‍ ചെയ്യണമല്ലോ , ഏത് സൈറ്റ് ആണ് മെച്ചം?
എന്നിങ്ങനെ ആലോചന തകൃതിയായി .

വൈകിട്ട് ഷട്ടില്‍ കളിക്കാന്‍ പള്ളിമേടയില്‍ ചെന്നപ്പോള്‍ സുഹൃത്തും ആത്മീയ ഗുരുവും ആയ കൊച്ചച്ചന് മുന്‍പില്‍ വിഷയം അവതരിപ്പിച്ചു .
"അച്ചാ കല്യാണപ്രായം ആയി എന്ന് അപ്പന്‍ പറയുന്നു .ബ്രോക്കര്‍ മതിയോ ,പത്രം വേണോ ,
ഓണ്‍ലൈന്‍ വേണോ എന്നിങ്ങനെ ഒരു ചിന്തയില്‍ ആണ് ."

"ചാവറ മാട്രി മോണി മതിയെടാ ടോണീ !
സുറിയാനി കത്തോലിക്കരുടെ സ്വന്തം സൈറ്റ് അല്ലെ ....
അതില്‍ ഓരോ പെണ് പിള്ളാരുടെ ഫോട്ടോ കണ്ടിട്ട് ളോഹ ഇട്ടു പോയത് മണ്ടത്തരം ആയോന്നാ
എനിക്കിപ്പം സംശയം " !.......
അച്ചന്‍ തെല്ലൊരു വിഷമത്തോടെ പറഞ്ഞു .

"എന്നാ പിന്നെ ഇതു തന്നെ ആയിക്കോട്ടെ "..
ടോണി തീരുമാനിച്ചു .

പിറ്റേന്ന് തന്നെ പാലായിലെ ഓഫീസില്‍ ചെന്നു 2000 രൂപ അടച്ചു,മെംബെര്‍ഷിപ്‌ എടുത്തു . തുടര്‍ന്നുള്ള അവന്റെ രാവുകള്‍ നിദ്രാവിഹീനങ്ങള്‍ ആയിരുന്നു .
ഓരോ മണി ക്കൂരിലും ഇന്ബോക്സ് ചെക്ക് ചെയ്തു ....
ഒരാഴ്ച ,രണ്ടാഴ്ച മൂന്നാഴ്ച ......നാളുകള്‍ അങ്ങനെ പോയി....................
വലിയ ഗുണം ഒന്നുമുണ്ടായില്ല.....

ആകെ വന്ന പ്രോപോസല്സ് മൂന്നെണ്ണം !

മൂന്നും വലിയ ഗുണമില്ല .
മൂന്നാമത്തേതിന്റെ ഫോട്ടോ കണ്ടു പേടിച്ചു പോയ ടോണിക്കുട്ടന്‍ മൂന്നു ദിവസം പനിച്ചു കിടന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പോലും ഉണ്ടായി .

എന്ത് കൊണ്ടാണ് ഇത്ര ശുഷ്കം ആയ പ്രതികരണം .....?

ആലോചിച്ചിട്ട് ടോനിക്കുട്ടന് ഒരെത്തും പിടിയും കിട്ടിയില്ല .

ബ്രോക്കെരോടായിരുന്നെന്കില്‍ നേരിട്ടു ചോദിക്കാം ആയിരുന്നു . ഇതിപ്പോള്‍
കമ്പ്യൂട്ടറിനോട് ചോദിച്ചിട്ട് കാര്യം ഇല്ലല്ലോ .....
ടോണി ആശങ്കാകുലനായി .

സുഹൃത്തും സ്ഥലത്തെ റബര്‍ കടക്കാരനും ആയ ജോര്‍ജുകുട്ടി ആണ് ആ സത്യം
അവനോടു പറഞ്ഞത്
"ഡാ ടോണീ ഇപ്പം പാല ,കാഞ്ഞിരപ്പള്ളി പ്രദെശതൊക്കെ കല്യാണം ആലോചിക്കണേല്‍
മിനിമം b.tech ,m. tech , MCA പോലെ ഏതെങ്കിലും ഡിഗ്രി വേണം ....
എന്നാലെ പെണ്ണുങ്ങള്‍ക്ക് പിടിക്കൂ ....."
നിന്റെ ഒണക്ക എമ്മസീം ബീ എഡും ഇപ്പം ഒരു പട്ടിക്കും വേണ്ട . സൌന്ദര്യം ഉണ്ടെന്നും റബര്‍ ഉടെന്നും പറഞ്ഞിട്ട് ഒരു കാര്യോമില്ല ..."

തന്റെ ഡിഗ്രി യെ പറഞ്ഞതു ടോണിക്ക് സഹിച്ചില്ല.
അവനും വിട്ടു കൊടുത്തില്ല
എന്നാലും പത്തില്‍ തോറ്റ നിനക്കും നഴ്സിനെ കിട്ടിയില്ലേ ?
അവന്‍ തിരിച്ചടിച്ചു .

അത് പിന്നെ ഒരു വിപ്ലവ കല്യാണം അല്ലാരുന്നോ ..?
റ്റപ്പെട്ട്ട സംഭവം!
നിനക്കും അറിയാവുന്നതല്ലേ ആ കഥയൊക്കെ ? ജോര്‍ജുകുട്ടി ചോദിച്ചു .
പിന്നെ വളിച്ച ഒരു ചിരിയും പാസ്സാക്കി .
.
ശരിയാണ് .അവന്റെത്‌ ഇത്തിരി സാഹസികം ആയ ഒരു വിവാഹം ആയിരുന്നുവല്ലോ .ലിന്‍സി ശരിക്കും അവന് കിട്ടിയ ലോട്ടറി ആയിരുന്നു .സമ്പന്നനായ കൊച്ചു കുന്നേല്‍ മാത്തച്ചന്റെ ഒറ്റ മോള്‍ .

അല്ഫോന്സയില്‍ അവള്‍ pdc ക്ക് പഠിക്കുമ്പോള്‍ രാവിലെ അവളോടൊപ്പം KMS ബസില്‍ കയറി ജോര്‍ജും പോവും അകമ്പടിക്ക്‌ .ബംഗ്ലൂര് അവള്‍ നഴ്സിങ്ങിന് പഠിക്കാന്‍ പോയപ്പോഴും പലപ്പോഴും പാലായില്‍ നിന്നു അവനും കൂടെ ബസില്‍ കയറും .
ആ നടപ്പ്‌ പ്രേമം ആയി .
പിരിയാന്‍ വയ്യാത്ത ബന്ധം ആയി ..
നാട്ടുകാര്‍ എല്ലാരും അറിഞ്ഞു .
ലിന്സീടെ അമ്മച്ചി റോസമ്മ ചേടത്തി പെണ്ണിന്റെ മനസ്സു മാറാനായി ,ചെര്‍പ്പുങ്കലും ,കിഴതടിയൂരും മാറി മാറി നേര്‍ച്ചകള്‍ നേര്‍ന്നു (ജോര്‍ജും ലിന്സിയും ഇവിടെ രണ്ടിടത്തും പ്രണയ സാഫല്യതിനായും നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു )

ചെര്‍പ്പുന്ക്ല്‍ ഉണ്നീശോയോ ,കിഴതടിയൂര്‍ യുദ സ്ലീഹായോ ആരാണ് എന്ന് അറിയാമ്മേല .....പ്രശ്നത്തില്‍ ഇടപെട്ടു .

തീര്‍പ്പ് ജൂനിയേഴ്സിന് അനുകൂലം ആയിരുന്നു . .........

മാത്തച്ചന്‍ കല്യാണത്തിന് സമ്മതിച്ചു,(അവര്‍ ഇടപെട്ട കൊണ്ട ഒന്നുമല്ല ,ജോര്‍ജ് 19 ആമത്തെ അടവ് പ്രയോഗിച്ചത് കൊണ്ടാണെന്നും ഒരു സംസാരം ഉണ്ട് .വേറൊന്നുമല്ല പ്രേഗ്നന്റ്റ്‌ ആക്കി എന്ന് തന്നെ )

എന്തായാലും അവളിപ്പോള്‍ അമേരിക്കയില്‍ നഴ്സ്‌ ആണ് .ഇഷ്ടം പോലെ കാശ് ..........
മാത്തച്ചന്റെ റബര്‍ കട ജോര്‍ജ്‌ ഏറ്റെടുത്ത് നടത്തുന്നു . പൊതുവെ സന്തുഷ്ട കുടുംബം .
"
kcym ഉം കൊണ്ടു നടന്ന സമയത്ത് ഇങ്ങനെ വല്ല പുണ്യ കര്‍മവുംചെയ്തിരുന്നേല്‍ ഇപ്പം
ഈ ബുദ്ധിമുട്ട വരുകെലാരുന്നു .പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലല്ലോ...".
ടോണി നെടുവീര്‍പ്പിട്ടു .

ബ്രോക്കര്‍ കൃഷ്ണന്‍ കുട്ടി വഴി അപ്പന്‍ സ്വന്തം നിലക്ക് അന്വേഷിക്കുന്നുണ്ടായിരുന്നു .

ഒരു ദിവസം അപ്പനും കൈ മലര്‍ത്തി .........കാരണം നേരത്തെ പറഞ്ഞതു തന്നെ..........

"കുടുംമ്മത്തിനു ഒത്ത ബന്ധം കിട്ടണേല്‍ വലിയ ഡിഗ്രീകള് വെണമെന്ന പെണ് പിള്ളാര്‌ പറയുന്നേ ..."
അപ്പന്‍ പറഞ്ഞു.
"നി ഇപ്പം ഒന്നും ഗുണം പിടിക്കുന്ന ലക്ഷണമില്ല" ടോനിക്കുട്ടന്‍ അപ്പനോടും അമ്മയോടും ആയി പറഞ്ഞു.


ദിവസങ്ങള്‍ കടന്നു പോയി ,അങ്ങനെ ഇരിക്കെ ഒരു ദിവസം ഓര്‍കുടില്‍ സ്ക്രാപ്പ് പരിശോധിക്കാന്‍ ലോഗിന്‍ ചെയ്യവേ ഒരു ടീന അവറാച്ചന്റെ freind request ടോണിക്കുട്ടന്റെ കണ്ണില്‍ പെട്ടു .
ആരാണിത് ...അല്പനേരത്തെ ആലോചനക്ക് ശേഷമാണ് ആളെ പിടികിട്ടിയത് .

തന്റെ കൂടെ pdc ക്ക് പഠിച്ചവള്‍ .......കൊച്ചു ഗള്ളി ...
ഇപ്പഴും എന്നെയൊക്കെ ഓര്‍ക്കുന്നുന്ടെന്നോ ?
പെട്ടെന്ന് പ്രൊഫൈലില്‍ കയറി നോക്കി .
ഇപ്പോള്‍ ലണ്ടന്‍ ഇല്‍ . നഴ്സ്‌ ആണ് .............
സ്റ്റാറ്റസ് സിംഗിള്‍ ....
ഹാവൂ രക്ഷപെട്ടു ....ആത്മഗതം ഉറക്കെ ആയി ....

പല അവളുമാരും കെട്ടിയവനേം കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോ പ്രൊഫൈലില്‍ ഇട്ടു ഇനിയെന്നെ നോക്കണ്ട എന്നാ ഭാവത്തില്‍ ആണ് പലപ്പോഴും ഫ്രണ്ട് റിക്വസ്റ്റ് തന്നിരുന്നത്.
accept ചെയ്യുമെന്കിലും പിന്നീട് മൈന്‍ഡ് ചെയ്യാറില്ലയിരുന്നു താന്‍ ...
ഇതിപ്പം ആദ്യമായിട്ട് ആണ് married ,committed, എന്നിവ ഒന്നും അല്ലാതെ ഒരു പെണ്ണ് റിക്വസ്റ്റ് അയച്ചിരിക്കുന്നത് .

ഇനി ഇതില്‍ പിടിച്ചു കയറണം .....ഒത്താല്‍ നാളെ താനും ലണ്ടനില്‍ !...........

ലണ്ടനില്‍ എത്തുന്നതും ,അവിടെയിരുന്ന് ബ്ലോഗുന്നതും ,ബ്ലോഗു പുസ്തകം ആക്കുന്നതും നാട്ടില്‍ വന്നു ഏതെങ്കിലും പ്രസാധകാനെ കൊണ്ട് പ്രസിധികരിക്കുന്നതും ..അവന്‍ മനസ്സില്‍ കണ്ടു ....................

പിന്നെ പിന്നെ പതിയെ gtalk ഇല്‍ തുടങ്ങി...ചാറ്റ് മുറുകി .

വെബ്‌ കാം ഇല്ലാതിരുന്ന ടോണിക്കുട്ടന്‍ പുതിയത് വാങ്ങി.....
skype ഉം yahoo ഉം മാറി മാറി പരീക്ഷിച്ചു ...
.എന്നാലും പ്രണയം എന്നാ വിഷയത്തിലേക്ക് കടന്നില്ല . വരട്ടെ ....ഓരോന്നിനും അതിന്റെ സമയമുണ്ടല്ലോ ...............അവന്‍ കരുതി ...
അങ്ങനെ ചാറ്റ് ചെയ്തു രണ്ടു മൂന്നു ആഴ്ച കടന്നു പോയി .
അങ്ങനെ ഇരിക്കെയാണ് ആ സന്തോഷ വാര്‍ത്ത അവള്‍ പറഞ്ഞത്... ......"വരുന്ന 28 ആം ഞാന്‍ നാട്ടില്‍ വരുകയാണ് ..".
ടോണി റിസീവ് ചെയ്യാന്‍ വരില്ലേ ?
തീര്‍ച്ച ആയും വരും !
കേട്ട പാടെ ടോണി സമ്മതിച്ചു ....ഇതിലും നല്ല ഒരു അവസരം ഇനി കിട്ടുകേല..................

ആ സുദിനം വന്നു.
നേരത്തെ തന്നെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ടോണിക്കുട്ടന്‍ എത്തി .
പുറത്തേക്കു വരുന്നവരെ നോക്കി നിന്ന അവന്റെ കണ്ണില്‍ ടീനയും പെട്ടു
പെട്ടെന്ന് അവനു കാഴ്ച്ച് മങ്ങുന്ന പോലെ തോന്നി ....
ടീനയുടെ കയ്യും പിടിച്ചു ദാ ഒരു സുന്ദരന്‍ സായിപ്പ്‌ ....
ഇരുവരും അവനടുതെക്ക് വന്നു ...

അവള്‍ ടോണിയോടായി പറഞ്ഞു ."അയ്യോ ..ഞാന്‍ നിന്നോട് പറഞ്ഞില്ലല്ലോ ....
ദിസ്‌ ഈസ്‌ മൈക്കേല്‍ ,മൈ ഫ്രണ്ട് ..."
ഒത്താല്‍ കേരളത്തില്‍ വച്ച മാര്യേജ് നടത്തണം എന്നാണ് മൈക്ക്‌ പറയുന്നത്..."
ചിലപ്പോള്‍ ഇത്തവണ തന്നെ ഉണ്ടാവും" ........

ടോണിയുടെ നെഞ്ചില്‍ വെള്ളിടി വെട്ടി ...
പിന്നെ എന്ത് പുഴുങ്ങി തിന്നാന്‍ ആണ് നീയെന്നെ വിളിച്ചത്‌?........ ടോണി മനസ്സില്‍ ചോദിച്ചു .

അവള്‍ അപ്പോള്‍ ടോണിയെ മൈക്കിനു പരിച്ചയപ്പെടുതുകയായിടുന്നു ...
പിന്നാലെ അവളുടെ വീട്ടുകാരും എത്തി..

തിരിച്ചു പോവുന്ന വഴി അവന്റെ മനസ്സു കലുഷിതമായിരുന്നു.

എന്നാലും അവള്ക്ക് ഓര്‍ക്കുട്ടില്‍ committed എന്നെങ്കിലും കാണിക്കാമായിരുന്നു .
എന്ത് കൊണ്ടാവാം അങ്ങനെ കാണിക്കാത്തത് ?അവന്‍ ചിന്തിച്ചു തലപുകച്ചു .

"ഇനി ചെലപ്പോള്‍ രണ്ടിനും തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും അത്ര വലിയ commitment ഒന്നും കാണുകേല ..."
അത് കൊണ്ടാരിക്കും .


"പോട്ടെ !കാത് കുത്തിയത് പോയാല്‍ കടുക്കനിട്ടത് വരും !."....


NB:
KCYM -കത്തോലിക്കാ യുവജനസംഘടന

കൊച്ചച്ചന്‍ - അസിസ്ടന്റ്റ് വികാരി








Tuesday, June 2, 2009

അന്തോനിക്കുഞ്ഞും ഇവാന്‍ മാലാഖയും - ഒരു പരലോക യാത്രാവിവരണം

വെളുപ്പിന് ഒരു നാല് മണി ആയിക്കാണും .കട്ടിലില്‍ കിടന്ന അന്തോനിക്കുഞ്ഞു ഞെട്ടലോടെ ആ സത്യം തിരിച്ചറിഞ്ഞു. . താന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു .എല്ലാം അറിയുന്നുണ്ട് ,പക്ഷെ ചലിക്കാന്‍ കഴിയുന്നുമില്ല.. ദൈവമേ ഇനി വെളിച്ചം വീഴേണ്ടിയിരിക്കുന്നു ആരെങ്കിലും കാണാന്‍ .ഒടുക്കത്തെ ഒപ്രീശ്മ ഒട്ടു കിട്ടിയതുമില്ല ...അയാള്‍ വെപ്രാളപ്പെട്ടു .

പൊതുവെ സംതൃപ്തനായാണ് മരിച്ചതെന്കിലും 21 ആം വയസ്സില്‍ ചെയ്ത ആ തെറ്റ് അയാളെ അലട്ടിയിരുന്നു .ആറാം പ്രമാണം താന്‍ തെറ്റിച്ചു ......... .അതുമാത്രമല്ല അതിന്റെ ഫലം ആയി ഒരു മനുഷ്യജീവന്‍ ഉണ്ടാവുകയും ചെയ്തു...... . തീര്‍ച്ചയായും കര്‍ത്താവ്‌ ഇത് പൊറുക്കു കേല..........ദൈവമേ തീനരകം ആയിരിക്കുമോ എനിക്ക് നീ വീധിക്കുന്നത്..? ..........അയാളുടെ വിചാരങ്ങള്‍ ഇങ്ങനെ പോയി.


പെട്ടെന്ന് മുറിയിലാകെ ഒരു പ്രകാശം പരന്നു.........ഒരു ചിറകടി ശബ്ദം അടുത്ത് വരുന്നു .
അതെ ....ഒരു മാലാഖ പറന്നു ഇറങ്ങുകയാണ് .
അന്തോണീ ഞാന്‍ ഇവാന്‍ എന്ന മാലാഖ യാണ് ,ഞാന്‍ നിന്നെ കൊണ്ട് പോവുകയാണ് .....മാലാഖ പറഞ്ഞു .

ഗബ്രിയേലും മിഖയെലും ഒന്നുമില്ലരുന്നോ ? അന്തോനി ധൈര്യം സംഭരിച്ച് ചോദിച്ചു .

"അവര്‍ രണ്ടു പേരും ലീവില്‍ ആണ് ". അതാ ഞാന്‍ ഇങ്ങു വന്നത് ! ഇവാന്‍ പറഞ്ഞു
അല്ല മാലാഖ പുണ്യാള! അടക്ക് തീരുമാനിക്കണേല്‍ പിള്ളാരെല്ലാം വരണം ,അച്ഛനെ കാണണം ,പെട്ടി മേടിക്കണം ഇനീം നേരമെത്ര കെടക്കുന്നു? ......... അന്തോണി പറഞ്ഞു .

അതൊക്കെ അവര് വേണ്ട പോലെ ചെയ്തോളും !...ബോഡി ഒക്കെ പുറകെ വരും ഇപ്പോള്‍ ആത്മാവ് മാത്രമെ കൊണ്ടു പോവുന്നുള്ളൂ..... ഇവാന്‍ പ്രതിവചിച്ചു .


ഇരുവരും യാത്ര തുടങ്ങി ."കൂടെ കെടന്ന പെമ്പ്രന്നോത്തി ശോശാമ്മ യോട് പോലും ഒന്നു പറഞ്ഞേച്ചു പോകാന്‍ ഒത്തില്ല "അന്തോണി പരിഭവിച്ചു .മാലാഖ മറുപടി പറഞ്ഞില്ല .

അവളോട്‌ പറയാഞ്ഞത് മോശം ആയി പോയി ,ഒന്നു മില്ലെലും കല്യാണത്തിന് മുമ്പത്തെ ബന്ധവും കുഞ്ഞമ്മിണിയില്‍ തനിക്കുണ്ടായ മോളാണ് ജാന്‍സി എന്നതും അവള്‍ അറിഞ്ഞതാണ് .ജന്‍സിയെ നഴ്സിംഗ് പഠിപ്പിച്ചതും കെട്ടിച്ചു വിട്ടതും താന്‍ ആണെന്നതും അവള്‍ അറിഞ്ഞതാണ് ..എന്നിട്ടും ഒന്നും മുഖം കറുപ്പിച്ച് ഇന്നുവരെ പറഞ്ഞിട്ടില്ല ...........പാവം!


ഒരേ ഒരു പ്രാവശ്യം പറ്റിയ തെറ്റ് തന്നെ കൊണ്ട് ആകാവുന്നത് പോലെ പരിഹരിച്ചിട്ടുണ്ട് ....പക്ഷെ.... കര്‍ത്താവ്‌ അത് പൊറുക്കുമോ !അറിയാമ്മേല.............
അയാളുടെ ചിന്തകള്‍ അങ്ങനെ പോയി ...........

ഇരുവരും ശുദ്ധീകരണ സ്ഥലത്തിന്റെ കവാടത്തില്‍ എത്തി .കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ ഷാരൂഖ്‌ ഖാനെ പോലെ സുന്ദരനായ ഒരു ക്ലീന്‍ shave മാലാഖ വാതില്‍ തുറന്നു .അടുത്ത മുറിയില്‍ ദൈവം ഇരിപ്പുണ്ട് പോയി കണ്ടോളൂ !മാലാഖ പറഞ്ഞു .

അന്തോണി മുറിയില്‍ കടന്നു ..കമ്പ്യൂട്ടറില്‍ കണ്ണ് നാട്ടു ഒരു വയോധികന്‍ ഇരിക്കുന്നു .നരച്ച് താടിയൊക്കെ ഉണ്ട് ..
അന്തോനിക്കെന്നെ മനസ്സിലായോ? അദ്ദേഹം ചോദിച്ചു ..
ഇല്ല ...
ഞാന്‍ ആണ് ദൈവം ...
എന്റെ പിതാവേ ! അന്തൊനി അറിയാതെ വിളിച്ചു .

നിനക്കെങ്ങോട്ടു പോവാനാ... താത്പര്യം ? ദൈവം ആരാഞ്ഞു .
അതെന്നാ ചോദ്യമാ കര്‍ത്താവേ ! സ്വര്ഗതി പോണം എന്നാണു ...പക്ഷെ ........

ദൈവം : ആറാം പ്രമാണത്തിന്റെ കാര്യമല്ലേ ?അത് ഞാന്‍ ക്ഷമിച്ചു! .
അന്തോണി : മേടക്കലച്ചന്ടടുത് കുമ്പസാരിച്ചത് കൊണ്ടായിരിക്കും അല്ലെ കര്‍ത്താവേ ?
ദൈവം:വാറോതീനാന്റെ കാര്യം മിണ്ടിയാല്‍ നിന്നെ ഇപ്പത്തന്നെ നരകതിലോട്ടു തള്ളും .
അന്തോണി : അതെന്നാ കര്‍ത്താവേ ?
ദൈവം : അവന്‍ ലുവൈനില്‍തിയളോജി പഠിക്കാന്‍ആണെന്ന് പറഞ്ഞു പോയി മദാമേമ് കെട്ടി രണ്ടു പിള്ളാരും ആയി .

അന്തോണി ; അതൊരു തെറ്റാണോ കര്‍ത്താവേ ?
ദൈവം : അല്ല ,പക്ഷെ അവന്‍ അവരേം ഇട്ടേച്ചു പോയി ....
അന്തോണി : എന്നാ പിന്നെ മാണിസ്സാറിന്റെ പാര്‍ട്ടീടെ മണ്ഡലം പ്രസിഡന്റ് ആരുന്ന കൊണ്ടാരിക്കും അല്ലെ ?
ദൈവം: നിന്റെ ശിക്ഷ ഇളവ് ഇപ്പറഞ്ഞതൊന്നും കൊണ്ടും , പള്ളിക്ക് സംഭാവന കൊടുത്തത് കൊണ്ട് ഒന്നും അല്ല ''.
നിന്റെ നല്ല നടപ്പും പശ്ചാത്താപവും കണ്ടിട്ടാണ് .
ഇതു കേട്ടു അന്തോണിയുടെ മനസ്സു നിറഞ്ഞു.

ദൈവം : നീയാ കൊച്ചിനെ നഴ്സിംഗ് ഒക്കെ പഠിപ്പിച്ച് അവളിപ്പം യൂറോപ്പില്‍ എങ്ങാണ്ട് ആണല്ലേ ?
അന്തോണി : അത് പിന്നെ നിനക്ക് അറിയാവുന്നതല്ലേ ..
ദൈവം : അത്ര കൃത്യം ആയിട്ടൊന്നും പിടിപാടില്ല . യൂരോപ്പിലോക്കെ എനിക്ക് കവറേജ്‌ ഇത്തിരി കുറവാ ....അവിടെയൊക്കെ ഇപ്പം ലുസിഫര്‍ ആണ് സര്‍വീസ്‌ .......
പള്ളിയൊക്കെ ഹോട്ടെല്‍ ആക്കുവാണ് ..............
അന്തോണി ; ..... ഞാനും കേട്ടു .....

ദൈവം : നിനക്ക് സ്വഗതിലൊട്ടു പോണേല്‍ ഇച്ചിരെ താമസം വരും എസ്സെമ്മെസ് വരണം !
അന്തോണി :sms ഓ ?
ദൈവം; ശുദ്ധീകരണ സ്ഥലത്തു നിന്നു കയറിപ്പോണേല്‍ വേണ്ടപ്പെട്ടവര്‍ വിധി പോലെ ചെയ്യുന്ന പ്രാര്‍ഥന വേണം എന്ന് നീ കേട്ടിട്ടില്ലേ അന്തോണി ?.
അന്തോണി ; ഒണ്ടു കര്‍ത്താവേ.....
ദൈവം: ഇപ്പം പ്രാര്‍ഥന വരുന്നത് sms വഴിയാണ് .അവിടെ പള്ളിമേടകളില്‍ അതിനുള്ള flexy റീചാര്‍ജ് സൌകര്യമുണ്ട് .... പണമടച്ചാല്‍ sms അച്ചന്‍ മാര്‍ വിട്ടോളും ....................
ഐഡിയ യും അച്ചന്മാരും തമ്മിലുള്ള ഒരു ടൈ അപ്പ്‌ ആണ് .

അന്തോണി : ഓ അതൊക്കെ എന്റെ പിള്ളാര്‌ ചെയ്തോളും ! എന്നാലും ഇങ്ങനോരെടപാട് ഞാന്‍ പോരുമ്പം ഇല്ലാരുന്നല്ലോ?
ദൈവം : യാത്രയില്‍ രണ്ടു മണിക്കൂര്‍ മാത്രമെ തോന്നിയുള്ളൂ എങ്കിലും നീ പോന്നിട്ട് ഭൂമിയിലെ രണ്ടു വര്ഷം ആയി .ഇതിനെടക്കു ഭൂമിയില്‍ ഒത്തിരി മാറ്റങ്ങള്‍ ഉണ്ടായി ..............
ഏതായാലും സമയമാകുന്നത് വരെ നീ ഇവിടെ വെഇറ്റ് ചെയ്യണം , ദൈവം പറഞ്ഞു

ഇവാന്‍ മാലാഖ വീണ്ടും കടന്നു വന്നു അന്തോനിയെ waiting റൂമിലേക്ക്‌ ആനയിച്ചു. റൂമില്‍ ഇരിക്കുന്നവരെ നോക്കി ivaan പറഞ്ഞു ." ഇവിടെ ഇരിക്കുന്ന്നവെരെല്ലാം ഇങ്ങനെ sms കാത്തിരിക്കുന്നവര്‍ ആണ് .നിശ്ചിത സമയപരിധിക്കുള്ളില്‍ ആവശ്യത്തിനു sms ലഭിക്കാത്തവര്‍ എലിമിനഷന്‍ റൌണ്ടില്‍ പുറത്തായി നരകത്തില്‍ പോവും !".

ഏതാനും നിമിഷങ്ങല്‍ക്കുള്ളി ല്‍ തന്നെ ആ അറിയിപ്പ് വന്നു " അന്തോണി ആവശ്യത്തിനു sms തികച്ചിരിക്കുന്നു ,ഇനി സ്വര്‍ഗത്തില്‍ പോകാം !

ഇവാന്‍ തന്നെയാണ് കൊണ്ടുപോവാന്‍ വന്നത് , സ്വര്‍ഗത്തിന്റെ വാതില്‍ തുറന്നപ്പോള്‍ സ്വീകരിക്കാന്‍ നിന്നവരെ കണ്ടു അന്തോണി അമ്പരന്നു , നാട്ടുകാരായ നാരായണന്‍ കുട്ടിയും ബീരനിക്കയും .............
അത്ഭുതപ്പെട്ട അന്തോണി മാലാഖയോട് ചോദിച്ചു " മാലാഖ പുണ്യാളച്ചാ ... നമ്മക്ക് സ്വര്‍ഗം മാറിപ്പോയോ ? ക്രിസ്ത്യാനികളുടെ സ്വര്‍ഗം എവിടെയാ ?

ബ്ലഡി ഫൂള്‍ ! ക്രിസ്ത്യാനിക്കും ,മുസ്ലിമിനും ,നായര്‍ക്കും ,ഈഴവനും ഒന്നും പ്രത്യേകം പ്രത്യേകം സ്വര്‍ഗമോന്നുമില്ല ! എല്ലാവര്ക്കും കൂടി ഒന്ന് മാത്രം !.....ദേവലോകം....
അത് കോട്ടയതല്ലേ ? അന്തോണി വിട്ടില്ല.
അത് അല്ല ഇത് വേറെ !
അപ്പോഴാണ്‌ എതിരെ വന്ന ആളെ അന്തോണി ശ്രദ്ധിച്ചത്‌ .. യേശു !
എന്റെ കര്‍ത്താവേ !
അന്തോണി വിളിച്ചു .
യേശു പുഞ്ചിരി തൂകി ,കുശലം ചോദിച്ചു .

എന്നാലും നീയിവിടെ ഒന്ടായിട്ട്‌ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക സ്വര്‍ഗം ഇല്ലാത്തത്‌ എന്നാ ?
അന്തോണി സംശയം ചോദിച്ചു .
"അതൊന്നും ശരിയല്ല , പണ്ടിവിടെ വന്ന ചിലര്‍ ഇവിടെ കുത്തി തിരിപ്പ്‌ ഉണ്ടാക്കാന്‍ നോക്കിയതാ ,
കത്തോലിക്കനും ,ബാവ കക്ഷിക്കും മെത്രാന്‍ കക്ഷിക്കും ,പെന്ടക്കൊസ്തിനും ഒക്കെ പ്രത്യേകം സ്വര്‍ഗം വേണമെന്ന് പറഞ്ഞിട്ട് ,
ദേഷ്യം വന്ന വല്യ പിതാവ് അവന്മാരെ വന്ന വണ്ടിക്കു തന്നെ നരകതിലോട്ടു പായിച്ചു .
മിണ്ടാതിരുന്നോ !വല്യ പിതാവ് കേള്‍ക്കണ്ട !"
ഇത്രയും പറഞ്ഞു യേശു നടന്നു നീങ്ങി.
എല്ലാവര്ക്കും ഒരു സ്വര്‍ഗമേ ഉള്ളൂ എന്നൊന്നും ആരും ഭൂമിയില്‍ വച്ച് പടിപ്പിക്കതത്ത്ത് എന്ത് കൊണ്ടാണെന്ന് അന്തോണി ചിന്തിച്ചു .
ഒരവസരം കിട്ടിയാല്‍ ചെന്ന് പറഞ്ഞു കൊടുക്കാമായിരുന്നു.
ചിന്തകള്‍ ഇങ്ങനെ കാടുകയറി .

ഇവാനോപ്പം തനിക്കു അനുവദിച്ച മുറി ലഷ്യമാകി നടക്കുന്നതിനിടയില്‍ അന്തോണി ചോദിച്ചു
അപ്പം നരകവോക്കെ ഇപ്പഴും ഒന്ടല്ലേ ?എണ്ണയില്‍ വറുക്കലും മുരിക്കുമുള്ളില്‍ ഊര്തലും ഒക്കെ ഇപ്പഴും ഒണ്ടോ ?
"അതൊക്കെ ഇപ്പം നിര്ത്തി എന്നാണു ബെല്സ്‌ ബൂല്‍ ഈയിടെ പറഞ്ഞത് , ഇപ്പം പുതിയ ശിക്ഷാവിധി കള്‍ ഒക്കെ ആണ്."
എന്റെ മാനസപുത്രി എന്ന സീരിയല്‍ റെക്കോര്‍ഡ്‌ ചെയ്തു വച്ചത്‌ റിപ്പീറ്റ്‌ ആയി കാണിക്കും എന്ന് പറയുന്നു . ........
കഴിഞ്ഞ ആഴ്ച മുതല്‍ ഭഗവാന്‍ എന്നോമറ്റോ പേരുള്ള ഉള്ള ഒരു സിനിമയും കാണിക്കുന്നുണ്ടാത്രേ.......
വലിയ ശിക്ഷ കള്‍ ആണെന്നാണ് അവന്‍ പറയുന്നത് ."........
ഇവാന്‍ പറഞ്ഞു നിത്തി .
അന്തോണിയുടെ റൂം ഉള്‍പെടുന്ന ഫ്ലാറ്റില്‍ എത്താറായി . ഫ്ലാറ്റിന്റെ മുന്നില്‍ സുന്ദരന്‍ ആയ ഒരു യുവാവ് നില്ക്കുന്നു ..അന്തോണി യെക്കണ്ട്‌ ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്ത യുവാവ് സ്വയം പരിചയപ്പെടുത്തി.... ഞാന്‍ കൃഷ്ണന്‍!......!

ഏതോ ഒരു കൃഷ്ണന്‍ .....അന്തോണി അത്രെയേ കരുതിയുള്ളൂ.

അത് മനസ്സിലാക്കിയ ഇവാന്‍ മാലാഖ പറഞ്ഞു "ഇതു ഭഗവാന്‍ കൃഷ്ണന്‍ ആണ് ...
സ്തബ്ധനായ അന്തോണി ചോദിച്ചു ,അപ്പൊകൃഷ്ണാ അങ്ങും ഇവിടാണോ താമസം..... ?
"ഞാന്‍ മാത്രമല്ല മുപ്പത്തി മുക്കോടി ദേവകളും ഇവിടെ തന്നെയാണ് .....
ബുദ്ധ ഭഗവാനും ഇവിടെ തന്നെയാണ് ".ഭഗവാന്‍ മറുപടി പറഞ്ഞു .

കലണ്ടറിലും ഭക്തി സീരിഅലിലും കാണുന്ന തിളങ്ങുന്ന ബാലെ വേഷത്തില്‍ അല്ലാതെ
ഭഗവാനെ കണ്ടത്‌ അന്തോണി യെ അത്ഭുതപ്പെടുത്തി .അപ്പം സംഗതികളുടെ കെടപ്പ് ഇങ്ങനെ ഒക്കെ ആണല്ലേ ? അന്തൊനി ചോദിച്ചു.................................

ര്‍ര്‍ ണീം ............... ക്ര്‍ ണീം ............ര്ര്ര്‍ ണീം ..............ക്ര്ര്‍ ണീം ......
ടൈം പീസില്‍ അഞ്ചു മണിക്ക് വച്ച അലാറം അടിക്കുക്കകയാണ് .അന്തോണി ഞെട്ടി എണീറ്റു ..... ങേ കണ്ടത് സ്വപ്നമാരുന്നോ ?.....ഇടതു വശത്ത് ശോശാമ്മ കിടന്നു കൂര്‍ക്കം വലിച്ചു ഉറങ്ങുന്നു .
തട്ടിവിളിച്ചു അന്തോണി ചോദിച്ചു "ടീ ശോശാമ്മേ ,വെളുപ്പന്കാലത്ത് കാണുന്ന കിനാവ് ഫലിക്കുമോടീ ?
ഒന്നു പോ മനുഷ്യ...... എന്ന് പറഞ്ഞു ശോശാമ്മ തിരിഞ്ഞു കിടന്നു .
അന്തോണി കിടക്കയില്‍ എണീറ്റ് കുത്തിയിരുന്നു ..
..ശേ എന്നാലും .......

അന്തോണിയുടെ ആ പ്രഭാതം പുലര്‍ന്നത് പുതിയ ബോധ്യങ്ങളിലെക്കും ഉത്തരം കിട്ടാത്ത സമസ്യകളിലെക്കും ആയിരുന്നു. .

NB: ഒടുക്കത്തെ ഒപ്രീശുമ -അന്ത്യകൂദാശ
ബെല്സ്ബൂല്‍ .- ബൈബിള്‍ കഥകളിലെ ഒരു ഒന്നാന്തരം പിശാച്
വാറോതീനാന്‍ ; അര്‍ഥം വ്യക്തമല്ല ,പിശാച് എന്ന് സൂചിപ്പിച്ച് ദേഷ്യം വരുമ്പോള്‍ പ്രായമായ നസ്രാണി കാരണവന്മാര്‍ വിളിക്കുന്ന ഒരു പേരു .
ഇവാന്‍ എന്നൊരു മാലാഖയെ പറ്റി കേള്‍ക്കാത്തവര്‍ക്കായി അല്പം ചരിത്രം ......
ഇദ്ദേഹത്തിന്റെ പൂര്‍വാശ്രമത്തിലെ പേരു ഈപ്പച്ചന്‍ .മാലാഖ വ്രതവാഗ്ദാനതിനു ശേഷം പരിഷ്കരിച്ചു ഇവാന്‍ ആയി .......